കാറളം : ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ഹൃദയം കവര്‍ന്ന ഫിഫ വേള്‍ഡ് കപ്പ് 2026-നെ ആവേശത്തോടെയും ആഘോഷത്തോടെയും വരവേറ്റ് വി.എച്ച്.എസ്.എസ് കാറളം. ഫുട്ബോള്‍ ആവേശം സ്കൂള്‍ ക്യാമ്പസിലാകെ അലയടിച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. വര്‍ണാഭമായ അന്തരീക്ഷത്തില്‍, ഫിഫ വേള്‍ഡ് കപ്പിനെ പ്രതിനിധീകരിക്കുന്ന കൂറ്റന്‍ ഫ്ളക്സ് സ്കൂള്‍ അങ്കണത്തിലേക്ക് ഹര്‍ഷാരവങ്ങളോടെ എത്തിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച എയറോബിക് നൃത്തം പരിപാടിക്ക് കൂടുതല്‍ നിറം പകര്‍ന്നു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ സുധ ഭരതന് ഫുട്ബോള്‍ കിക്ക് ഓഫ് ചെയ്ത് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ആവേശം നിറഞ്ഞ പങ്കാളിത്തത്തോടെ ഷാര്‍പ്പ് ഷൂട്ടര്‍ മത്സരം, ഫിഫ പ്രവചന മത്സരം, ഫുട്ബോള്‍ ക്വിസ് മത്സരം എന്നിവ അരങ്ങേറി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ വീണ ജെ.എസ്, സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളായ ജിതേഷ്, മുഹമ്മദ് റോഷല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം സ്കൂള്‍ കുടുംബത്തിലാകെ പകര്‍ന്ന ഈ ആഘോഷം വിദ്യാര്‍ഥികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. ഫുട്ബോളിന്റെ ആവേശവും കൂട്ടായ്മയുടെ ശക്തിയും ഒരുമിച്ചപ്പോള്‍ വി.എച്ച്.എസ്.എസ് കാറളം ഫിഫ മാമാങ്കത്തിന്റെ ആഘോഷവേദിയായി മാറി.
