ഇരിങ്ങാലക്കുട : ഒരു ഗോളിന് ഒരു മരം എന്ന ആശയവുമായി നിരവധി ലോകകപ്പുകളില്‍ ഗോള്‍വലയില്‍ തീര്‍ത്ത ഗോളുകള്‍ക്കൊപ്പം മരം നട്ട് സമൂഹത്തിന് മാതൃകയായ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനൊപ്പം ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളും പങ്ക് ചേര്‍ന്നു. 2010 ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഗോള്‍വലയില്‍ വീണ ഓരോ ഗോളിനും ഒരു പ്ലാവിന്റെ തൈ നട്ട് പ്ലാവച്ചന് എന്ന പേരു നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ഡോ ജോയ് പീനിക്കപ്പറമ്പിലിനൊപ്പമാണ് നാഷണല്‍ സ്കൂളിലെ നൂറോളം എസ്.പി.സി വിദ്യാര്‍ഥികള്‍ മരത്തൈ നടാന്‍ മുന്നില്‍ വന്നത്. എസ്.പി.സി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷന് നടപടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന ഫിസിക്കല്‍ ടെസ്റ്റിന്റെ ഉദ്ഘാടനം പ്ലാവിന് തൈ കൈമാറിക്കൊണ്ട് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ഡോ ജോയ് പീനിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് സുശീല്‍ കെ.വി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇതോടെ 2026 ലോകകപ്പിലെ ആദ്യ ഗോളിനുള്ള മരം നടാനുള്ള ഭാഗ്യവും നാഷണല്‍ സ്കൂളിന് സ്വന്തമായി. സ്കൂളിലെ 25 ഓളം കേഡറ്റുകള്‍ക്ക് പ്ലാവിന്റെയും മാവിന്റെയും തൈകള്‍ നല്‍കിക്കൊണ്ട് ഒരു ഗോളിന് ഒരു മരം എന്ന പദ്ധതി നാഷണല്‍ സ്കൂളും അടിത്തട്ടിലേക്ക് വ്യാപിപ്പിച്ചു . തൃശൂര്‍ റൂറല്‍ ജില്ലയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എ.എസ് .ഐ ബിജു എം.സി, ഉദ്യോഗസ്ഥനായ പ്രദോഷ്, സി.പി.ഓ ആയിട്ടുള്ള ശ്രീകൃഷ്ണന് നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
