കാട്ടൂര്‍ : സ്കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയിലായി. കാട്ടൂര്‍ പടിയൂര്‍ സ്വദേശി പുല്ലാനി വീട്ടില്‍ നിത്യാനന്ദന് (62) എന്നയാളെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പടിയൂരില്‍ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികള്‍ക്കും മറ്റും വ്യാപകമായി നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ഇയാളില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് നിയമത്തിന് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. നിത്യാനന്ദന് ഈ കേസ് കൂടാതെ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി അറസ്റ്റിലായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്. എച്ച്.ഒ ഷമീര്‍, ജി.എസ്.ഐ തുളസി ദാസ്, ജി.എ.എസ്.ഐ ധനേഷ്, ജി.എസ് സി.പി.ഒ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
