ഇരിങ്ങാലക്കുട : പ്രഞ്ചത്തിന്റെ അടിസ്ഥാന കണികകളുടെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ക്രൈസ്റ്റ് കോളജില്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി. ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശാസ്ത്ര പാടവ പോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിന് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് നേതൃത്വം നല്കി. ക്ലാസ്സിക്കല്‍ ഭൗതികത്തില്‍ നിന്ന് ക്വാണ്ടം ഭൗതികമെന്ന വിസ്മയ ലോകത്തിലെ പ്രതിഭാസങ്ങളെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ സഹായത്തോടെ ലളിതവും സരസവുമായി അവതരിപ്പിച്ചു. ബ്ലാക്ക് ബോഡി റേഡിയേഷന്, ആല്‍ഫാ ഡീകേ, ക്വാണ്ടം ടണലിംഗ്, സൂപ്പര്‍ പൊസിഷന്‍ തുടങ്ങിയ ആശയങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു. ക്വാണ്ടം മെക്കാനിക്സസ് ഭാവിയില്‍ വരുത്താന്‍ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും ചര്‍ച്ച നടന്നു. ഇ.കെ.എന്‍ കേന്ദ്രം സെക്രട്ടറി ഡോ. സോണി ജോണ്‍ ടി, കണ്‍വീനര്‍ മായ. കെ, വൈസ് പ്രസിഡണ്ട് മധു. സി.എ എന്നിവരും വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും ക്ലാസില്‍ പങ്കെടുത്തു.
