ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് വികസനസമിതി നഗരസഭ ചെയര്മാന് നിവേദനം നല്‍കിയിരുന്നു. ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേര് ഒപ്പിടുന്ന ഭീമ ഹര്‍ജിയുടെ ഒപ്പുശേഖരണം അന്തിമഘട്ടത്തിലാണ്. ഇരിങ്ങാലക്കുട ജില്ലാ ആസ്ഥാനമാകുമ്പോള്‍ കൂടുതല്‍ ട്രെയിന്നുകള്‍ക്ക് സ്റ്റോപ്പാനുവദിക്കുന്നതടക്കം റെയില്‍വേ സ്റ്റേഷന് വന്‍ വികസനമുണ്ടാകുമെന്ന് വികസനസമിതി കരുതുന്നു.
പതിനഞ്ച് ലക്ഷത്തോളം വരും മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകള്‍ ഉള്‍പെടുത്തികൊണ്ടുള്ള നിര്‍ദ്ധിഷ്ട ഇരിങ്ങാലക്കുട ജില്ലയുടെ ജനസംഖ്യ. ഇത് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളെക്കാള്‍ കൂടുതലാണ്. വ്യാപ്തിയില്‍ ആലപ്പുഴ ജില്ലയെക്കാള്‍ വലിയതും തിരുവനന്തപുരം ജില്ലക്കൊപ്പവുമാണ്. നിലവില്‍ ഇരിങ്ങാലക്കുടയിലുള്ള സിവില്‍ സ്റ്റേഷന്, ജില്ലാ കോടതി, എസ്.പി ഓഫീസ്, ട്രഷറി, ലാന്‍ഡ് ട്രിബൂണല്‍,ജനറല്‍ ആശുപത്രി എന്നിവ ജില്ലാ രൂപീകരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നു.
യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ് ജോസ്, സെക്രട്ടറി സോമന് ശാരദലായം, വൈസ് പ്രസിഡന്റ്മാരായ ഡേവിസ് തുളുവത്ത്, അഡ്വ.പാപ്പച്ചന് വാഴപ്പിള്ളി, ജോ. സെക്രട്ടറി ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരന് കൊട്ടാരത്തില്‍, ശശി ശാരദലായം, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍,ജോയ് മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.
