
കല്ലേറ്റുംകര : ആളൂർ പോലീസ് സ്റ്റേഷൻ ആളൂർ പഞ്ചായത്തിൽ നിന്നും മാറ്റുവാനുള്ള നീക്കം പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. 2016 ജനുവരി 6 ന് യു. ഡി.എഫ് മന്ത്രിസഭ തീരുമാനമെടുക്കുകയും 2016 മാർച്ച് 3 ന് 44 ഉദ്യോഗസ്ഥരേയും പോലീസ് വാഹനവും അനുവദിച്ചുകൊണ്ടും പോലീസ് സ്റ്റേഷൻ തുടങ്ങുന്നതിന് അനുവാദം നൽകിയ ഉത്തരവ് കിട്ടിയിട്ടുള്ളതും 2016 മാർച്ച് 4 ന് കല്ലേറ്റുംകരയിൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ട് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്.എന്നാൽ പിന്നീട് എൽ. ഡി. എഫ് സർക്കാർ പോലീസ് സ്റ്റേഷൻ അടച്ചു പൂട്ടുകയും ഇതിനെതിരെ താൻ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് പോലീസ് സ്റ്റേഷൻ വീണ്ടും തുറക്കുന്നതിന് അനുമതി വാങ്ങി സ്റ്റേഷൻ ഇപ്പോൾ വീണ്ടും കല്ലേറ്റുംകരയിൽ പ്രവർത്തിച്ച് പോരുന്നതുമാണെന്ന് തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. വളരെ വിസ്തൃതമായ ആളൂർ പ്രദേശത്തെ മുഖ്യമായും ഉദ്ദേശിച്ചുകൊണ്ടാണ് സ്റ്റേഷൻ ഇവിടെ തുടങ്ങിയതെന്നും സ്റ്റേഷന്റെ പേരു തന്നെ ആളൂർ പോലീസ് സ്റ്റേഷൻ എന്നാണെന്നും
ഉണ്ണിയാടൻ പറഞ്ഞു . റെയിൽവേ സ്റ്റേഷൻ, മറ്റു പ്രധാനപ്പെട്ട ഓഫീസുകളായ വില്ലേജ് ഓഫീസ്, സബ്ബ് രജിസ്ട്രാർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക്ക് തുടങ്ങിയ സ്ഥാപനങ്ങളും പോലീസ് സ്റ്റേഷന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. യാതൊരു കാരണവശാലും പോലീസ് സ്റ്റേഷൻ ഇവിടെ നിന്നും മാറ്റാൻ നാട്ടുകാർ അനുവദിക്കരുതെന്നും തോമസ് ഉണ്ണിയാടൻ അഭ്യർത്ഥിച്ചു.
പോലീസ് സ്റ്റേഷൻ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കല്ലേറ്റുംകരയിൽ കേരള കോൺഗ്രസ്
ആളൂർ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. കെ. ജോസഫ് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, എ. കെ. ജോസ്, ജോജോ മാടവന, നൈജു ജോസഫ്, നെൽസൺ മാവേലി, എൻ. കെ. കൊച്ചുവാറു, ഷീല ഡേവിസ്, റാൻസി സണ്ണി എന്നിവർ പ്രസംഗിച്ചു