കാറളം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് വളണ്ടിയേഴ്സ് മാനസ ഗ്രാമത്തിലെ കടകളില്‍ സ്വയം നിര്‍മ്മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ സൗജന്യമായി വിതരണം ചെയ്തു.പഴയ പത്രക്കടലാസ് ഉപയോഗിച്ചാണ് മനോഹരവും ഉറപ്പുള്ളതുമായ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചത്. ഏകദേശം 200 ഓളം പേപ്പര്‍ ബാഗുകളാണ് ഇവര്‍ നിര്‍മ്മിച്ച് വിതരണം നടത്തിയത്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി കടലാസ് ബാഗുകള്‍ ഉപയോഗിക്കാന്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.പി മായാദേവി, അധ്യാപിക ടി.എസ് സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെറിയ പരിശ്രമങ്ങളിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. നാട്ടുകാരുടെയും വ്യാപാരികളുടെയും വലിയ പിന്തുണയാണ് ഈ പ്രവര്‍ത്തനത്തിന് ലഭിച്ചത്.
