ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ അഭയ ഭവനില്‍ ‘പ്രകാശം’ പദ്ധതിയുടെ ഭാഗമായി ‘അറിവകം’ ലൈബ്രറി ആരംഭിച്ചു. അറിവിലൂടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമുള്ള തവനിഷിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ ഡോ. ഫാ.വിന്‍സെന്റ് എന്‍.എസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മൂവിഷ് കെ.എം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
പി.ആര്.പി.ഡി ഡയറക്ടര്‍ ടി.കെ സിദ്ധാര്ത്ഥന്, ക്രൈസ്റ്റ് കോളജ് ലൈബ്രേറിയനും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ഫാ. സിബി ഫ്രാന്‍സിസ്, തവനീഷ് കോഡിനേറ്റര്‍ നസീറ, പ്രസിഡന്റ് നിമിഷ, സെക്രട്ടറി അഭിഷേക്, അഭയ ഭവനെ പ്രതിനിധീകരിച്ച് സംഘടനയുടെ പ്രസിഡന്റ് ഷിബിന്‍ ജോണ്‍, സാമൂഹിക പ്രവര്‍ത്തക വിജയലക്ഷ്മി, സീനിയര്‍ എക്സിക്യൂട്ടീവ് അഞ്ജലി എന്നിവര്‍ സംസാരിച്ചു. ജനുവരി 2ന് മേരി എസ്തപ്പാന് സ്ഥാപിച്ച സംഘടനയുടെ 28 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യത്തിന്റെ ഭാഗമായി, അറിവും വായനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ‘പ്രകാശം’ പദ്ധതിയിലൂടെ ആരംഭിച്ച ‘അറിവകം’ ലൈബ്രറി.
